Wednesday, April 2, 2008

കഷ്ടമായിപ്പോയി..

പെണ്ണേ...

ഇത്‌ കുറച്ച്‌ കഷ്ടമാണ്‌...
ഈ അവസ്ഥ...
ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണല്ലോ.. അങ്ങിനെയെന്തെങ്കിലും നിന്റെ മനസ്സിലുണ്ടോ.. ഉണ്ടെങ്കില്‍ അതിനു വേണ്ടിയാണ്‌ ഇത്‌.. ഈ മൂന്നാമത്തെ കത്ത്‌..
ഒന്നുറപ്പാണ്‌... ഇത്‌ അവസാനത്തേതാണ്‌, അഥവാ നീ മറുപടി തന്നില്ലെങ്കില്‍..
കൂടുതല്‍ പറയുന്നതിനു മുമ്പ്‌ ഒരു സംഭാഷണശകലം ശ്രദ്ധിക്കൂ...

"ഇന്നലെ ഞാന്‍ തന്നൊരു പൂവില്ലെ.. അതു നീ എന്തു ചെയ്തു.."
"ഓ.. അതോ.."
"അതു തന്നെ..."
"അറിഞ്ഞിട്ടെന്തു വേണം...."
"ഒന്നിനുമല്ല.. അറിയാന്‍ വേണ്ടി മാത്രം.."
"അതു ഞാന്‍ വലിച്ചെറിഞ്ഞ്‌.. ചവിട്ടിയരച്ചു കളഞ്ഞു..."
"ഓ...."
"എന്തേ..."
"ഒന്നുമില്ല... അതെന്റെ ഹൃദയമായിരുന്നു....."

ആ പൂ ഒരു ചെമ്പരത്തിപ്പൂവാണെന്നും, അല്ല, പറിച്ചെടുത്ത ചങ്ക്‌ ചെമ്പരത്തിപ്പൂവായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചില നാട്ടുവര്‍ത്തമാനം പിന്നീട്‌ വന്നിരുന്നു....

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒറിജിനല്‍ കൊടുക്കാതെ അതിന്റെ സെല്‍ഫ്‌ അറ്റസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോകോപ്പി കൊടുക്കുന്നത്‌ നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.. അങ്ങിനെയാവുമ്പോള്‍ പകര്‍പ്പിനോടുള്ള പ്രതികരണത്തെ ആധാരമാക്കി നമുക്ക്‌ യഥാര്‍ഥബിംബത്തിനോടുള്ള സമീപനം ഊഹിച്ചെടുക്കാവുന്നതാണ്‌. അതുകൊണ്ടാണ്‌ ഈ വിഷയത്തെക്കുറിച്ച്‌ ഇത്ര ലാഘവത്തോടു കൂടി ഞാന്‍ സംസാരിക്കുന്നതും. ഞാന്‍ റിസ്കെടുക്കുകയാണെന്നു തോന്നിയാല്‍ നിന്റെ ചില ജന്മദത്തമായ സ്വഭാവങ്ങള്‍ പുറത്തുവരാനിടയുണ്ട്‌....

നിന്നെക്കൊണ്ട്‌ മറുപടി എഴുതിച്ചേ അടങ്ങൂ.. എന്നൊന്നുമില്ല...
സമയം കിട്ടുകയാണെങ്കില്‍ മറുപടി എഴുതാന്‍ മറക്കരുത്‌

എന്ന്...
ചെക്കന്‍...

No comments: