പെണ്ണേ...
ഒരു കത്തിനു മറുപടി ലഭിക്കാതെ അടുത്ത കത്ത് എഴുതേണ്ട ഗതികേടിലാണ് ഈ ചെക്കനിപ്പോള്‍... ചരിത്രത്തില്‍ ഇത്തരം ഗതികേടുകള്‍ക്ക് വ്യാഖ്യാതാക്കള്‍ കൊടുത്ത പേരെന്താണെന്ന് റഫര്‍ ചെയ്തു പറയുന്നതിന്ന് ഞാന്‍ ചിലരെ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യം ഇവിടെ വെളിവാക്കട്ടെ..ഇത്തരം കാര്യങ്ങളില്‍ ഞാനെടുക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചത്...
അതു പോട്ടെ...
ഞാന്‍ പറഞ്ഞ കാര്യം എന്തായി.. അറിയാമല്ലോ, ഉച്ചക്ക് കൂട്ടാന്‍ വെക്കാന്‍ മത്തി വേണോ അയില വേണോ എന്നല്ല ഞാന്‍ ചോദിച്ചത്.. ഇതിനൊരു മറുപടി കിട്ടിയിട്ടു വേണം എനിക്ക് അടുത്ത പരിപാടി നോക്കാന്‍.. ഇത്തരം വിധി നിര്‍ണായക നിമിഷങ്ങളെ തികച്ചും തമാശയോടെ കാണുന്നത് ശരിയല്ലെന്ന് അറിയിച്ചു കൊള്ളട്ടെ...
വലിയ പ്രശ്നങ്ങളെ നിസ്സാരവത്ക്കരിച്ച് ജനശ്രദ്ധയില്‍നിന്നകറ്റി രക്ഷപ്പെടുന്ന രാഷ്ട്രീയക്കാരുടെ നയം പിന്തുടരനാണു ഭാവമെങ്കില്‍ അതിവിടെ നടപ്പില്ല..ഒന്നുകില്‍ കളരിക്കു പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്നു നീ തീരുമാനിക്കേണ്ടിയിരിക്കുന്നു.. ഞാനേതായാലും ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണ്.. ആ സ്ഥിതിക്ക് മറുപടി എന്നെ സംബന്ധിച്ച് അപ്രസക്തവുമാണ്.. എങ്കിലും എന്തെങ്കിലും പറയുന്നു എന്നതില്‍ പറയുന്നു എന്നെങ്കിലും ഉണ്ടല്ലോ..
മറ്റൊന്നു കൂടിയുണ്ട്..എത്രയും പെട്ടെന്ന് മറുപടി കിട്ടിയാല്‍ അത്രയും പെട്ടെന്ന് എനിക്ക് അടുത്ത കത്ത് എഴുതാമല്ലോ..എഴുതാനുള്ള വിഷയങ്ങള്‍ തിക്കിത്തിരക്കികൊണ്ടിരിക്കയാണ്..
ഇവിടെയിപ്പ്പ്പോള്‍ നല്ല ചൂടാണ്.. മാര്‍ച്ച് പകുതിയായപ്പോള്‍ തുടങ്ങിയ മഴ കാര്‍ഷികനഷ്ടക്കണക്കുകള്‍ പറയുന്നുണ്ടെങ്കിലും ഇവിടെയിപ്പോള്‍ നല്ല ചൂടാണ്... രാവിലെ കുടയെടുത്താണ് എല്ലാവരും വീട്ടില്‍ നിന്നിറങ്ങുന്നതെങ്കിലും ഇവിടെയിപ്പോള്‍ നല്ല ചൂടാണ്....
സോറി...
നിന്റെ ഭാഗത്തുനിന്ന് അല്‍പം പോലും ഞാന്‍ ചിന്തിച്ചില്ലെന്നാണ് പരാതിയെങ്കില്‍ ക്ഷമിക്ക്..
ഒരു പ്രോബ്ലം ഞാന്‍ നിന്റെ മുന്നിലേക്കിട്ട സ്ഥിതിക്ക് നീ അത് സോള്‍വ് ചെയ്തേ പറ്റൂ.. എനിക്കറിയാം, അത് കോഡ് ചെയ്യാനും ടെസ്റ്റ് ചെയ്യാനും എടുക്കുന്ന സമയത്തേക്കാള്‍ അനലൈസ് ചെയ്ത് ഡിസൈന്‍ ചെയ്യാന്‍ എടുക്കുമെന്ന്.. എന്റെയൊരപേക്ഷ ഈ അനലൈസിംഗ് ഫേസ് അല്‍പം വേഗത്തിലാക്കിക്കൂടെ എന്നാണ്.. പ്രോബ്ലം മനസ്സിലായ സ്ഥിതിക്ക് അത് സോള്‍വ് ചെയ്യാനുള്ള ഡിസൈനിംഗ് ഫേസില്‍ ഞാന്‍ കൂടെയുണ്ടാകും, നീ വേഗം അനലൈസ് ചെയ്യുകയാണെങ്കില്‍... അക്കാര്യം മാത്രമേ എനിക്കുറപ്പുതരാന്‍ കഴിയൂ..
ഇത്തരം എഞ്ചിനീയറിംഗ് മോഡലുകളുടെ ഒരു പ്രശ്നമെന്താണെന്നു വച്ചാല്‍ നീ അനലൈസ് ചെയ്യുമ്പോള്‍ ഞാന്‍ വെറുതെയിരിക്കേണ്ട സ്ഥിതിയാണ്...ഒരു ജോലിക്കാരന്‍ വെറുതെയിരിക്കുന്നത് കമ്പനിക്ക് നഷ്ടമുണ്ടാക്കില്ലേ.. അതുകൊണ്ട് നമുക്കു രണ്ടുപേര്‍ക്കും കൂടി ജോലിയുള്ള വിധത്തില്‍ ഇത് മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്.. അതിനായിത്തന്നെയാണ്‍ അല്‍പം ക്ഷമിച്ചിട്ടാണെങ്കിലും ഞാന്‍ കാത്തു നില്‍ക്കുന്നത്...
എന്ന്..
ചെക്കന്‍..
No comments:
Post a Comment