Sunday, March 23, 2008

ഒരിക്കല്‍കൂടി...

പെണ്ണേ...

ഒരു കത്തിനു മറുപടി ലഭിക്കാതെ അടുത്ത കത്ത്‌ എഴുതേണ്ട ഗതികേടിലാണ്‌ ഈ ചെക്കനിപ്പോള്‍... ചരിത്രത്തില്‍ ഇത്തരം ഗതികേടുകള്‍ക്ക്‌ വ്യാഖ്യാതാക്കള്‍ കൊടുത്ത പേരെന്താണെന്ന് റഫര്‍ ചെയ്തു പറയുന്നതിന്ന് ഞാന്‍ ചിലരെ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യം ഇവിടെ വെളിവാക്കട്ടെ..ഇത്തരം കാര്യങ്ങളില്‍ ഞാനെടുക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ച്‌ സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഇക്കാര്യം സൂചിപ്പിച്ചത്‌...

അതു പോട്ടെ...

ഞാന്‍ പറഞ്ഞ കാര്യം എന്തായി.. അറിയാമല്ലോ, ഉച്ചക്ക്‌ കൂട്ടാന്‍ വെക്കാന്‍ മത്തി വേണോ അയില വേണോ എന്നല്ല ഞാന്‍ ചോദിച്ചത്‌.. ഇതിനൊരു മറുപടി കിട്ടിയിട്ടു വേണം എനിക്ക്‌ അടുത്ത പരിപാടി നോക്കാന്‍.. ഇത്തരം വിധി നിര്‍ണായക നിമിഷങ്ങളെ തികച്ചും തമാശയോടെ കാണുന്നത്‌ ശരിയല്ലെന്ന് അറിയിച്ചു കൊള്ളട്ടെ...

വലിയ പ്രശ്നങ്ങളെ നിസ്സാരവത്ക്കരിച്ച്‌ ജനശ്രദ്ധയില്‍നിന്നകറ്റി രക്ഷപ്പെടുന്ന രാഷ്ട്രീയക്കാരുടെ നയം പിന്തുടരനാണു ഭാവമെങ്കില്‍ അതിവിടെ നടപ്പില്ല..ഒന്നുകില്‍ കളരിക്കു പുറത്ത്‌ അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്‌ എന്നു നീ തീരുമാനിക്കേണ്ടിയിരിക്കുന്നു.. ഞാനേതായാലും ഒരുങ്ങിപ്പുറപ്പെട്ടിരിക്കയാണ്‌.. ആ സ്ഥിതിക്ക്‌ മറുപടി എന്നെ സംബന്ധിച്ച്‌ അപ്രസക്തവുമാണ്‌.. എങ്കിലും എന്തെങ്കിലും പറയുന്നു എന്നതില്‍ പറയുന്നു എന്നെങ്കിലും ഉണ്ടല്ലോ..

മറ്റൊന്നു കൂടിയുണ്ട്‌..എത്രയും പെട്ടെന്ന് മറുപടി കിട്ടിയാല്‍ അത്രയും പെട്ടെന്ന് എനിക്ക്‌ അടുത്ത കത്ത്‌ എഴുതാമല്ലോ..എഴുതാനുള്ള വിഷയങ്ങള്‍ തിക്കിത്തിരക്കികൊണ്ടിരിക്കയാണ്‌..

ഇവിടെയിപ്പ്പ്പോള്‍ നല്ല ചൂടാണ്‌.. മാര്‍ച്ച്‌ പകുതിയായപ്പോള്‍ തുടങ്ങിയ മഴ കാര്‍ഷികനഷ്ടക്കണക്കുകള്‍ പറയുന്നുണ്ടെങ്കിലും ഇവിടെയിപ്പോള്‍ നല്ല ചൂടാണ്‌... രാവിലെ കുടയെടുത്താണ്‌ എല്ലാവരും വീട്ടില്‍ നിന്നിറങ്ങുന്നതെങ്കിലും ഇവിടെയിപ്പോള്‍ നല്ല ചൂടാണ്‌....

സോറി...

നിന്റെ ഭാഗത്തുനിന്ന് അല്‍പം പോലും ഞാന്‍ ചിന്തിച്ചില്ലെന്നാണ്‌ പരാതിയെങ്കില്‍ ക്ഷമിക്ക്‌..

ഒരു പ്രോബ്ലം ഞാന്‍ നിന്റെ മുന്നിലേക്കിട്ട സ്ഥിതിക്ക്‌ നീ അത്‌ സോള്‍വ്‌ ചെയ്തേ പറ്റൂ.. എനിക്കറിയാം, അത്‌ കോഡ്‌ ചെയ്യാനും ടെസ്റ്റ്‌ ചെയ്യാനും എടുക്കുന്ന സമയത്തേക്കാള്‍ അനലൈസ്‌ ചെയ്ത്‌ ഡിസൈന്‍ ചെയ്യാന്‍ എടുക്കുമെന്ന്.. എന്റെയൊരപേക്ഷ ഈ അനലൈസിംഗ്‌ ഫേസ്‌ അല്‍പം വേഗത്തിലാക്കിക്കൂടെ എന്നാണ്‌.. പ്രോബ്ലം മനസ്സിലായ സ്ഥിതിക്ക്‌ അത്‌ സോള്‍വ്‌ ചെയ്യാനുള്ള ഡിസൈനിംഗ്‌ ഫേസില്‍ ഞാന്‍ കൂടെയുണ്ടാകും, നീ വേഗം അനലൈസ്‌ ചെയ്യുകയാണെങ്കില്‍... അക്കാര്യം മാത്രമേ എനിക്കുറപ്പുതരാന്‍ കഴിയൂ..

ഇത്തരം എഞ്ചിനീയറിംഗ്‌ മോഡലുകളുടെ ഒരു പ്രശ്നമെന്താണെന്നു വച്ചാല്‍ നീ അനലൈസ്‌ ചെയ്യുമ്പോള്‍ ഞാന്‍ വെറുതെയിരിക്കേണ്ട സ്ഥിതിയാണ്‌...ഒരു ജോലിക്കാരന്‍ വെറുതെയിരിക്കുന്നത്‌ കമ്പനിക്ക്‌ നഷ്ടമുണ്ടാക്കില്ലേ.. അതുകൊണ്ട്‌ നമുക്കു രണ്ടുപേര്‍ക്കും കൂടി ജോലിയുള്ള വിധത്തില്‍ ഇത്‌ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്‌.. അതിനായിത്തന്നെയാണ്‍ അല്‍പം ക്ഷമിച്ചിട്ടാണെങ്കിലും ഞാന്‍ കാത്തു നില്‍ക്കുന്നത്‌...

എന്ന്..

ചെക്കന്‍..

Friday, March 14, 2008

പ്രണയം.. പെയ്യുമ്പോള്‍..

പെണ്ണേ..

നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് പത്ത്‌ സിയില്‍ പഠിക്കുമ്പോള്‍ പല ഓട്ടോഗ്രാഫുകളിലും ഞാന്‍ കണ്ടിട്ടുണ്ട്‌..... നീയും കണ്ടിട്ടുണ്ടാകും... ഏതോ പുരാണ കവി മൊഴിഞ്ഞ ആ വാക്യത്തെ നമിച്ചു കൊണ്ടു പറയട്ടെ, നിന്നെ കാണാതിരുന്ന കഴിഞ്ഞ ഒരു മാസമായി എന്റെ ജീവിതം ഏതാണ്ട്‌ അതു പോലെ ആയിക്കഴിഞ്ഞു... ശരിക്കും ഉപ്പില്ലാത്ത കഞ്ഞി പോലെത്തന്നെ.. എനിക്ക്‌ അകത്തോട്ട്‌ ഇറക്കാനേ കഴിയുന്നില്ല മോളേ..

അപ്പോ നീ ചോദിക്കും തുടര്‍ച്ചയായി ഒരു വര്‍ഷം ഒരേ ക്ലാസില്‍ പഠിച്ചപ്പോഴൊന്നും നീ ഇതു പറഞ്ഞിട്ടില്ലല്ലോയെന്ന്... ശരിയാണ്‌... നമ്മള്‍ അടുത്തിടപഴകിയ ആ മുന്നൂറ്റിയറുപത്തഞ്ചു ദിനരാത്രങ്ങളാകുന്ന പൂന്തോട്ടത്തില്‍ അലഞ്ഞു തിരിയുമ്പോള്‍ ഞാനറിഞ്ഞിരുന്നില്ലെന്റെ പൊന്നേ.... ഇത്‌ ഇങ്ങനെയാണെന്ന്.... നിനക്കറിയാമല്ലോ നമ്മള്‍ തമ്മില്‍ അങ്ങിനെയൊരു ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന്.... തികച്ചും സ്വാഭാവികമായ ഒരു സൗഹൃദം മാത്രം... എന്നാല്‍ നീ ഇല്ലാതെയായ കുറച്ചു ദിവസങ്ങള്‍ എന്നോടു പറയുന്നു.. നീ കൂടി ഉണ്ടായിരുന്നെങ്കിലെന്ന്...അത്ര മാത്രം..

അല്ലാതെ നീയില്ലെങ്കില്‍ ഞാനില്ല എന്നല്ല... നീയില്ലെങ്കിലും ഞാനുണ്ട്‌.. ഞാനില്ലെങ്കിലും നീയുണ്ട്‌... പക്ഷേ... നീ കൂടിയുണ്ടെങ്കില്‍ സ്വതവേ സുന്ദരമായ എന്റെ ജീവിതം കൂടുതല്‍ സുന്ദരമായേനെ.. അതെനിക്കുറപ്പാണ്‌..

എന്റെ കഞ്ഞിയില്‍ ഉപ്പിട്ടു തരാന്‍ നീ ദിനവും കൂടെയുണ്ടായിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം മാത്രം.... എന്തു പറയുന്നു... ഇതുപോലെയൊക്കെ നിനക്കും തോന്നുന്നെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കണ്ട... എന്റെ നമ്പര്‍ കയ്യിലുണ്ടല്ലോ????

നീ പ്രേമിച്ചില്ലെങ്കില്‍ ഞാന്‍ ചത്തു കളയുമെന്നൊന്നും പറയുന്നില്ല.... ചിലപ്പോള്‍ ഒരു രണ്ടു മാസം കൂടി കഴിഞ്ഞാല്‍ നിന്നെ ഞാന്‍ മറന്നും പോയേക്കാം.... ഔട്ട്‌ ഓഫ്‌ സൈറ്റ്‌, ഔട്ട്‌ ഓഫ്‌ മൈന്റ്‌ അഥവാ കണ്ണകന്നാല്‍ ഖല്‍ബകന്നു എന്നാണല്ലോ...

ഞാന്‍ ന്യായം പറയുകയല്ല.... ആ.. എന്റെയൊരു ആഗ്രഹം.. നീ കൂടെയുണ്ടെങ്കില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെ മുന്‍ കൂട്ടിക്കണ്ട ഒരുവന്റെ തികച്ചും പ്രായോഗികമായ ഒരു അഭ്യര്‍ഥന മാത്രം.. അത്ര മാത്രം...

വരൂ...
നിന്നെ ഞാന്‍ ക്ഷണിക്കുന്നു....
ഒന്നിച്ചു ചേരുന്നതിന്റെ ആനന്ദവും...
നഷ്ടബോധമില്ലാത്ത പങ്കുവയ്ക്കലുകളുടെ ഘോഷയാത്രകളും...
സ്വര്‍ഗീയമെന്നു മാത്രം പറഞ്ഞുകേട്ടിട്ടുള്ള ആ പ്രണയത്തിന്റെ മധുരവും.....
നമുക്കീ ഭൂമിയില്‍ കൊണ്ടുവരാം...
ഇവിടെ യാഥാര്‍ഥ്യമാക്കാം...

കൈ... കോര്‍ത്തു പിടിച്ചു കൊള്ളൂ...
നാളെ ആരെന്നും.. എന്തെന്നും... ആര്‍ക്കറിയാം...

എന്ന്...
ചെക്കന്‍..